തുടർയാത്ര....
രാജകുടുംബത്തിൽ ജനിച്ചവൻ എന്തായാലും ആ പാരമ്പര്യം
കാണിക്കാതെ ഇരിക്കില്ലല്ലോ ?
അതെ പറഞ്ഞു
വരുന്നത് റോയൽ എൻഫീൽഡിന്റെ കാര്യം
തന്നെ..... ക്ലാസിക് 350 യിൽ ഒരു യാത്ര
ഒരിക്കൽ പാതി വഴിയിൽ ഉപേക്ഷിച്ചുപോയ ഒരു യാത്ര .........
രാവിലെ പോകാനായി ബുള്ളറ്റ് റാണി ഷൈനി രാജ്‌കുമാർ വരും പുള്ളിക്കാരത്തി രാവിലെ
പുറപ്പെട്ടു. നമുക്കുള്ള രാജകുമാരൻ ഇത് വരെ റെഡി ആയിട്ടില്ല അവൻ പഞ്ചർ ആണെന്നാണ്
വിനോദ് പറഞ്ഞത്. ഇവൻ എന്റെ സ്വന്തം
അല്ലാട്ടോ വിനോദന്റെ സീമന്തപുത്രൻ ആണ്, വിനോദിനെ വിളിച്ചു രാവിലെ അവന്റെ വീടിന്റെ മുൻപിൽ സ്ഥാനം
പിടിച്ചു. വണ്ടി കിട്ടിയില്ല എങ്കിൽ റൈഡ് മുടങ്ങും, വിനോദിനെ കിടക്കപ്പായയിൽ നിന്നും ഉണർത്തി
ബുള്ളറ്റിന്റെ അടുത്തെത്തി. ബാക് ടയർ പഞ്ചർ ആയി ഇരിക്കുകയാണ് പുള്ളിക്കാരൻ. ഞാൻ
കാർ ഗേറ്റിനു അകത്തു കയറ്റിയിട്ട് അവിടിരുന്ന ബൈക്കും എടുത്ത് വിട്ടു പിടിച്ചു
പഞ്ചർ കടയിലേക്ക്. പാവം ചേട്ടൻ വിളിച്ച ഉടനെ പണിസാധനകളുമായി പിൻസീറ്റിൽ കയറി പെട്ടന്ന് തന്നെ തിരിച്ചു
നമ്മുടെ രാജകുമാരന്റെ അടുത്തെത്തി.
നമ്മുടെ ചേട്ടൻ
ടയർ ഒക്കെ അഴിച്ചെടുത്തിട്ട് പറയാ "മോനെ ഈ ടയർ ഇനി ഓടില്ല" എന്ന് ചങ്കത്
കിട്ടിയ അടിയായി പോയി അത്. ഷൈനി ചേച്ചി അവിടെ നിന്നും പുറപ്പെട്ടു ഞാൻ ദേ ഈ
അവസ്ഥയിലും. നൻപൻ ഡാ ..... വിനോദ് "ചേട്ടാ ടയറും ട്യൂബും അങ്ങ്
മാറിക്കോ" ദൈവം മുന്നിൽ വന്നു വരം തന്നത് പോലെ തോന്നി അവന്റെ ആ വാക്കുകൾ
എനിക്ക് അപ്പോൾ. കേട്ട പാതി കേൾക്കാത്തപാതി
ഞാനും ചേട്ടനും അഴിച്ചെടുത്ത ടയറുമായി കടയിലേക്ക് വച്ചുപിടിച്ചു, പെട്ടന്ന് തന്നെ
ഞങ്ങൾ രാജകുമാരനു പുതിയ ടയറും ട്യൂബും സമ്മാനിച്ചു. അങ്ങനെ ഞാൻ അവിടെ നിന്നും ഈ
യാത്ര തുടങ്ങുന്നു.....
ഞാൻ ഏനാത്ത് പാലത്തിന്റെ മുകളിൽ ഷൈനി ചേച്ചിക്കായി കാത്തു നിന്ന് അധികം
പോസ്റ്റാക്കാതെ പുള്ളിക്കാരത്തി എത്തി. സാധാരണ ഗൂഗിൾ മാപ് ആണ് നമ്മുടെ വഴികാട്ടി
എങ്കിൽ ഈ യാത്ര ആകട്ടെ ഒരിക്കൽ പോയി പാതിവഴിയിൽ ഉപേക്ഷിച്ചതല്ലേ അതുകൊണ്ട് വഴി
അറിയാം എങ്കിലും ചെറിയ ചെറിയ സംശയങ്ങൾ. ഞങ്ങൾ അങ്ങനെ ചോദിച്ചു ചോദിച്ചു യാത്ര തുടങ്ങി ആദ്യ ലക്ഷ്യം
കോന്നി ആനക്കൊട്ടിൽ ആണ് ട്ടോ. ടയർ ഒക്കെ മാറ്റി ഇട്ടതല്ലേ പയ്യൻ ജിൽ ജിൽ എന്ന്
നിൽക്കുവാ.... കൈപ്പട്ടൂർ എത്തിയപ്പോൾ ദേ നിൽക്കുന്നു നമ്മുടെ അണ്ണന്മാർ ചെക്കിങ്
ആണ് ഞാൻ നമ്മുടെ സ്ഥിരം നമ്പർ ഉപയോഗിച്ചു നോക്കിയതേ ഇല്ല ആ ഭാഗത്തേക്ക്. ഞാനൊന്നും
അറിഞ്ഞില്ലേ രാമനാരായണ എന്ന ഭാവം മുഖത് വരുത്തി വച്ച് വിട്ടു. പക്ഷെ പുറകിൽ വന്ന
ഷൈനി ചേച്ചിയെ പൊക്കി ഞാൻ കുറച്ചു മുന്നോട്ട് മാറി ഒരു വളവിൽ നിർത്തി. രണ്ട്
മിനിറ്റു കഴിഞ്ഞപ്പോൾ ദേ വരുന്നു ബുള്ളെറ്റ് റാണി
"ഒന്നുല്ലടാ അവർക്ക് ഹെൽമെറ്റിൽ ഗോപ്രോ ക്യാമറ ഫിറ്റ് ചെയ്തേക്കുന്നത്
കണ്ടപ്പോ ഒരു സംശയം അങ്ങനെ കൈ കാട്ടിയതാ, നീ എന്തായാലും
നിർത്താഞ്ഞത് കാര്യം ആയി". പറഞ്ഞതിൽ കാര്യം ഇല്ലാതെ ഇല്ല ഈ വക സൈലെന്സറുമായി
കേരളാ പോലീസിന്റെ മുന്നിലോട്ട് ചെന്ന്
കേറികൊടുത്താ അറിയാല്ലോ ശിവനെ........... യാത്ര വീണ്ടും
തുടർന്നു കൈപ്പട്ടൂർ നിന്നും കോന്നിയിലേക്ക് നല്ല റോഡ് ആണ് പറയാതെ ഇരിക്കാൻ
നിർവാഹം ഇല്ല നമ്മുടെ രാജകുമാരനെ അങ്ങ് പറപ്പിച്ചു.
അവിടെ എത്തി അകത്തു കയറിയതും ദേ ഒരു കുഞ്ഞി ആനക്കുട്ടി അവന്റെ കളികൾ നിറഞ്ഞ
കുസൃതി ആണ് ആദ്യം തന്നെ എന്റെ കണ്ണ് പോയത്. തുറന്ന കാടിന്റെ ലോകത്തുനിന്നും വൻ തടി
ചട്ടങ്ങൾ കൊണ്ട് നിർമിച്ച കൂട്ടിൽ അവനു സ്വാതന്ത്ര്യം ഇല്ല ആവോളം കളിക്കാൻ, എങ്കിലും ഉള്ള
സ്ഥലത്തു അവൻ കളിക്കുന്നു. പിന്നെ കുറച്ചു കൊമ്പന്മാരെ ഒക്കെ കണ്ട് വിശേഷങ്ങൾ
അറിഞ്ഞു മ്യൂസിയം ഒക്കെ കണ്ട് ആനക്കൊട്ടിലിനോട്
വിടപറഞ്ഞു യാത്ര വീണ്ടും തുടർന്നു.
അടുത്ത ലക്ഷ്യം അടവി ഇക്കോ ടുറിസമാണ് ദക്ഷിണേന്ത്യയിൽ
ഹൊഗെനക്കൽ കഴിഞ്ഞാൽ കുട്ടവഞ്ചി സവാരി ഇവിടെ ഉള്ളു എന്നാ കേട്ടത്. ഇത് വരെ
കുട്ടവഞ്ചി എന്ന് കേട്ടിട്ടേ ഉള്ളു പിന്നെ കണ്ടിട്ടുള്ളത് നമ്മുടെ സിൽക്കിന്റെ ഒരു
പാട്ടിലും, ആനക്കൊട്ടിലിൽ നിന്നും പതിമൂന്നു കിലോമീറ്റർ മാത്രേ
ഇവിടേക്ക് ഉള്ളു. ഞങ്ങൾ അങ്ങനെ അടവിയിൽ എത്തി കുട്ടവഞ്ചി സവാരി ഒക്കെ കണ്ട് അങ്ങനെ
അങ്ങ് നിന്നപ്പോൾ ഒന്ന് കയറണം യാത്ര
ചെയ്യണം എന്നൊക്കെ മനസ്സിൽ തോന്നി എന്നാൽ സമയം അതിനനുവദിച്ചില്ല. അച്ചന്കോവിലിൽ
പോകേണ്ടതല്ലേ അതും ഉൾകാട്ടിലൂടെ ഉള്ള യാത്രയാണ്
സമയം വൈകിയാൽ പണി പാളും, അതുകൊണ്ടുതന്നെ അവിടെ നിന്നും പെട്ടന്ന് യാത്ര തുടർന്നു. അധികം
വൈകാതെ ഞങ്ങൾ അച്ചൻകോവിൽ ഫോറസ്റ്റിലേക്ക് കടക്കാൻ ഉള്ള ചെക്പോസ്റ്റിൽ എത്തി. അപ്പൊ
ദേ വരുന്നു അടുത്ത പണി വണ്ടിയുടെ വിവരങ്ങൾ പറഞ്ഞുകൊടുക്കാൻ ഫോറസ്ററ് ഓഫിസറുടെ
അടുത്ത എത്തിയപ്പോൾ പുള്ളിക്കാരൻ പറയുവാ ടൂ വീലർ കയറ്റി വിടില്ല എന്ന്. സംഗതി
കുഴഞ്ഞല്ലോ എന്താ ഇപ്പൊ ചെയ്യാ..... എന്ത്
ചെയ്യാൻ അപ്പൊ പുള്ളിക്കാരൻ പറയുവാ ഒരു കാര്യം ചെയ്യാം അത് വഴി പോകാൻ വല്ല വണ്ടിയും
വന്നാൽ കൂടെ വിടാമെന്ന്, അത് കേട്ടപ്പോൾ ഒരു ആശ്വാസം തോന്നി അങ്ങനെ ഒരു
അരമണിക്കൂർ ആ ഓഫിസറുടെ ആനയുടെ ആക്രമണ കഥകൾ കേട്ടങ്ങനെ ഇരുന്നു. ഒടുവിൽ അത്രയും
കഥകൾ ഒക്കെ പറഞ്ഞുകഴിഞ്ഞു പുള്ളി പറയുവാ നിങ്ങൾക്ക് ധൈര്യം ഉണ്ടെങ്കിൽ
പോയിക്കൊള്ളൂ എന്ന്, ജീവനിൽ പേടിയുള്ളവർ ആരെങ്കിലും പോകുമോ ഇത്രയും
കഥകൾ കേട്ടിട്ട്.
അധികം വൈകിയില്ല കാടിനുള്ളിലേക്ക് അല്ല പുറത്തേക്ക് ഒരു നമ്മുടെ പഴയ 1210 റ്റാറ്റാ ലോറിപടുകൂറ്റൻ
തടികളുമായി വരുന്നു ആ വരവ് കണ്ടാൽ ഒത്ത ഒരു കൊമ്പൻ വരുന്നതുപോലെ ഉണ്ട്. ചെക്പോസ്റ്
ആയത്കൊണ്ട് ആ വണ്ടിയിലെ ചേട്ടന്മാർ ഇറങ്ങി വണ്ടിയിൽ ഉള്ള തടിയുടെ വിവരങ്ങൾ നല്കാൻ
അവിടേക്ക് വന്നു. അവരോട് കാടിനകത്തെ വിവരങ്ങൾ തിരക്കിയപ്പോൾ അറിയാൻ കഴിഞ്ഞത് ഇപ്പൊ
പോയാൽ കുഴപ്പം ഒന്നുമില്ല അവിടെ ധാരാളം ആളുകൾ ഒക്കെ വഴിയിൽ ഉണ്ട് എന്ന്. അത്
കേട്ടപ്പോൾ ഒരു ധൈര്യം ഒക്കെ വന്നൂട്ടോ, ഉടനെ നമ്മുടെ ഓഫിസർ പറയുവാ നിനകൾക്ക് പോകാം
എന്നുണ്ടെങ്കിൽ പൊയ്ക്കോ എന്ന്. ഞാൻ ഷൈനി ചേച്ചിയുടെ മുഖത്തേക്ക് ഒന്ന് നോക്കി
എന്തായാലും ഇറങ്ങി നമുക്ക് പോകാം എന്ന് ഒറ്റ പറച്ചിൽ പിന്നെ ഒന്നും നോക്കിയില്ല
രാജകുമാരനെയും എടുത്ത് യാത്ര തുടർന്നു. ഒരിക്കൽ ഞാൻ ഈ കാടിന്റെ ഭംഗി വിവരിച്ചട്ടുണ്ട് എങ്കിലും
പറയാം പറയാതെ ഇരിക്കാൻ നിർവാഹമില്ല അത്രക്കും മനോഹരമാണ്………….. കൊക്കാത്തോടിലേക്ക് തിരിയുന്ന വഴി കടന്നാൽ
പിന്നെ ഫോണിന് റേഞ്ച് ഇല്ലാട്ടോ. കാടിന്റെ ഭംഗി ആസ്വദിച്ചു അങ്ങനെ യാത്ര തുടർന്നു
ഉള്ളിലേക്ക് പോകുംതോറും ഭയം കൂടി കൂടി വന്നു ഓരോ വളവിലും ആന ഉണ്ടോ ഉണ്ടോ എന്ന്
നോക്കി നോക്കി ആണ് യാത്ര. പതിവ് വനയാത്രകൾ പോലെ വഴിനീളെ ആനപിണ്ടങ്ങൾ കാട്ടാന ഇളക്കിമറിച്ചിട്ട കാടുകൾ
വശങ്ങളിൽ ഉള്ള മണ്ണ് ഇളക്കിയിട്ടിരിക്കുന്നു. ഇടിഞ്ഞു കിടക്കുന്ന മണ്ണ്
മഴവെള്ളത്തോട് ചേർന്ന് ചളി ആയിരിക്കുന്നു അതിൽ നല്ല വെക്തമായി കാണാം ഇത് വഴിയേ
നടന്നു പോയ ഗജരാജൻറെ കാൽപാടുകൾ. അന്ന് കണ്ടതിലും ഭംഗി കൂടിയോ എന്ന് തെല്ലൊരു സംശയം
ഇല്ലാതെയില്ല, ഉൾകാട്ടിലേക്ക് പോകുംതോറും റോഡിന്റെ കുറുകെ നീർച്ചാലുകൾ
വന്നുകൊണ്ടേയിരുന്നു. ആ നീർചാലുകളിലൂടെ രാജകുമാരനെ ഇറക്കുമ്പോൾ എന്തോ വെള്ളം
ഇരുവശങ്ങളിലേക്കും തെറിക്കുന്നത് കാണാൻ വല്ലാത്ത ഒരു ഇത് മനസിന്. വഴിവക്കിൽ ധാരാളം
മയിലുകളെ കണ്ടു കൂട്ടത്തിൽ കാട് കാണാൻ
ഞങ്ങളെ പോലെ തന്നെ വന്ന അതിഥികളെയും, അങ്ങനെ അന്ന്
പാതി വഴിയിൽ അവസാനിച്ച ആ ഭാഗത്തെത്തി. ഇനി അങ്ങോട്ട് ആണ് അച്ചൻകോവിൽ അമ്പലം
ലക്ഷ്യമാക്കിയുള്ള യാത്ര, മുന്നോട്ട് ചെല്ലുംതോറും കാടിന്റെ ഭംഗി കൂടി
കൂടി വരുന്നു വിരുന്നുകാര് സ്വീകരിക്കാൻ മൈലുകളും. റോഡിനു വശത്തുകൂടെ ഒഴുകുന്ന
അച്ചൻകോവിൽ ആറിന്റെ ഭംഗി അങ്ങനെ ആസ്വദിച്ചു
ഒടുവിൽ ചരിത്രപ്രസിദ്ധമായ ആ ക്ഷേത്രമുറ്റത്ത് ഞങ്ങൾ എത്തി. അപ്പോഴേക്കും
സമയം ഏറെ വൈകിയിരുന്നു അങ്ങിങ്ങായി ചില ചെറിയ കടകൾ കാണാം അങ്ങനെ പറയത്തക്ക
ആൾത്തിരക്കുകൾ ഒന്നും തന്നെ ഇവിടെ ഇല്ല. ശബരിമല തീർത്ഥാടനം തുടങ്ങിക്കഴിഞ്ഞാൽ
പിന്നെ ഇപ്പോഴും തമിഴ്നാട്ടിൽ നിന്നുമുള്ള ഭക്തർ കാണും ഈ വഴിക്ക്. അധികം സമയം
ഇവിടെ ചിലവഴിക്കാൻ ഇല്ല സൂര്യൻ പടിഞ്ഞാറൻ ചക്രവാളങ്ങളിൽ മറയാറായിരിക്കുന്നു ഇനി തിരിച്ചു പോകേണ്ടത് തമിഴ്നാട് വഴി ആണ് വന്ന
വഴി ഇനി പോകുന്നത് അപകടം ആണ്. ചെങ്കോട്ട വഴി തെന്മല അവിടെ നിന്ന് പുനലൂർ.
വണ്ടി നേരെ വിട്ടു അമ്പലത്തിന്റെ മുന്നിൽ നിന്നും കുറച്ചായതേയുള്ളു റോഡിന്റെ
ഇരുവശങ്ങളിലും ചെറിയ കുടിലുകളും വീടുകളും കെട്ടി കുറച്ചു കുടുംബങ്ങൾ. ചില വീടിന്റെ
ഉള്ളിൽ നിന്നും കുറെ കണ്ണുകൾ ഞങ്ങളെ ശ്രെദ്ധിക്കുന്നത് ഞാൻ അറിഞ്ഞു വഴിവക്കിൽ കളിച്ചുകൊണ്ട്
നിന്ന കുട്ടികളെ കൈവീശികാണിക്കാതെ പോകാൻ മനസ്സനുവദിച്ചില്ല. അങ്ങനെ തമിഴ്നാട്
ബോർഡർ കഴിഞ്ഞു എന്ന് ഞങ്ങൾക്ക് മനസിലായി കാരണം റോഡ് നല്ലതായി അത്രേയുള്ളു. ശബരിമല
തീർത്ഥാടന സമയം ആയപ്പോഴേ അവർ ഭഗതജനങ്ങൾക്ക് പോകാൻ ഉള്ള ഈ കാനനപാത പോലും
ശെരിയാക്കിയിരിക്കുന്നു. കടന്നുവന്ന
വഴികളെ മനസ്സിൽ ഓർക്കുമ്പോൾ ഒരു ദീർഘനിശ്വാസത്തിൽ ഒതുക്കുവാനെ എനിക്ക് കഴിഞ്ഞുള്ളുവണ്ടി
ചെങ്കോട്ട ലക്ഷ്യമാക്കി നീങ്ങി ഹെയർപിൻവളവുകളും സഹ്യന്റെ മലനിരകളും താണ്ടി
തമിഴ്നാട്ടിലേക്ക്, പെട്ടന്ന് തന്നെ ഞങ്ങൾ ചുരം ഇറങ്ങി ഗ്രാമങ്ങളിലേക്ക് എത്തിച്ചേർന്നു. പിന്നീട
ചെങ്കോട്ട കൊല്ലം ഹൈവെ ലക്ഷ്യമാക്കി നീങ്ങി, ദൂരം ഇത്തിരി
കൂടുതൽ ആയിരുന്നു എങ്കിലും അധികം സമയം നമ്മുടെ രാജകുമാരൻ എടുത്തില്ല അതിനു കാരണം
വഴിയും അങ്ങനെ അല്ലെ. ഹൈവേ എത്തി അതിമനോഹരം ആണുട്ടോ ഈ വഴി നമ്മുടെ ദൈവത്തിന്റെ
സ്വന്തം നാട്ടിലേക്കുള്ള യാത്ര, വൈശാലി എന്നാ ഭരതൻ ചിത്രം
നമുക്ക് എല്ലാവർക്കും അറിയാം അതിൽ വിഭാന്തകമഹിർഷി തൻറെ ആശ്രമവനത്തിനുള്ളിലേക്ക്
ആരെയും കടത്തി വിടാതെയിരിക്കാൻ ചട്ടംകെട്ടിയിരുന്നത്, അതുപോലെ ദേ
നമ്മുടെ നാട്ടിലേക്ക് കയറാൻ ഈ മലനിരകളെ താണ്ടണം. സഹ്യാദ്രിമലനിരകൾ ഇങ്ങനെ വിടർന്നു നിൽക്കുന്നു അതിനു ചുവട്ടിലായി
നമ്മുടെ നാട്ടിൽ നിന്നും മറഞ്ഞുകൊണ്ടിരിക്കുന്ന നെൽവയലുകളും. യാത്ര അങ്ങനെ
ആസ്വദിച്ചു വരുമ്പോൾ ദേ നിൽക്കുന്നു തമിഴ്നാട് അണ്ണന്മാർ ചെക്കിങ് ആണ് കൂടെ ഉള്ളത്
ലേഡി റൈഡർ ആയത്കൊണ്ട് പെട്ടന്ന് വിട്ടു, എല്ലായിടത്തും
തലയിൽ ഇരിക്കുന്ന ഈ ഗോപ്രോ ക്യാമറ തന്നെ വില്ലൻ. പിന്നീട് അങ്ങോട്ട് ചുരം
കയറ്റമായിരുന്നു രാജകുമാരന്റെ പവർ ശെരിക്കും അനുഭവിച്ചത് അപ്പോഴായിരുന്നു, നമ്മുടെ പഴയ
ഷാരൂഖാൻ ചിത്രമായ ദിൽസെയിലെ
ജിയ....ജലേ..... എന്ന ഗാനം പതിമൂന്നു കണ്ണറപ്പാലം എത്തിയപ്പോ മനസ്സിൽ
വന്നു. ഈ പാലം ആ ഗാനത്തിൽ ഉണ്ടായിരുന്നതല്ലേ അതുകൊണ്ടായിരിക്കും, അങ്ങനെ ഞങ്ങൾ
തെന്മല എത്തി. ഓരോ ചായയും വടയും കഴിക്കാമെന്നു തീരുമാനിച്ചു പുള്ളിക്കാരത്തി
ഒന്നിൽ ഒതുക്കി നമ്മൾ ഉണ്ടോ വിടുന്നു ഉച്ചക്കെ ഒന്നും കഴിച്ചതാണ് നാലഞ്ചെണ്ണം
അകത്താക്കി ഞങ്ങൾ പരസ്പരം യാത്രപറഞ്ഞു രണ്ടുവഴിക്കായി പിരിഞ്ഞു ചേച്ചി തിരുവന്തപുരത്തിനും ഞാൻ വീട്ടിലേക്കും................
Comments
Post a Comment